വീണ്ടും തഴച്ചുവളരുക
ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നതിനാല്‍, കാലിഫോര്‍ണിയയിലെ ആന്റലോപ് താഴ്‌വര, ഫിഗുവെറോവ പര്‍വ്വതം എന്നിവിടങ്ങളില്‍ വര്‍ണ്ണാഭമായ കാട്ടുപൂക്കള്‍ പരവതാനി തീര്‍ക്കുന്നു. എന്നാല്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും? ചില കാട്ടുപൂക്കള്‍, അവയുടെ വിത്തുകള്‍ മണ്ണിനു മുകളില്‍ വന്ന് പൂക്കുന്നതിന് അനുവദിക്കുന്നതിനു പകരം, വലിയ അളവില്‍ വിത്തുകള്‍ മണ്ണിനടിയില്‍ സംഭരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വരള്‍ച്ചയ്ക്കു ശേഷം ഈ സസ്യങ്ങള്‍ തങ്ങള്‍ സംരക്ഷിച്ച വിത്തുകള്‍ ഉപയോഗിച്ചു വീണ്ടും തഴച്ചുവളരാന്‍ തുടങ്ങുന്നു.
പുരാതന യിസ്രായേല്യര്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും മിസ്രയീമില്‍ അഭിവൃദ്ധി പ്രാപിച്ചു. ഊഴിയ വിചാരകന്മാര്‍ വയലുകളില്‍ ജോലി ചെയ്യാനും ഇഷ്ടികകള്‍ ഉണ്ടാക്കാനും അവരെ നിര്‍ബന്ധിച്ചു. ദയയില്ലാത്ത മേല്‍വിചാരകര്‍ ഫറവോനുവേണ്ടി വന്‍ നഗരങ്ങള്‍ പണിയുവാന്‍ അവരോടാവശ്യപ്പെട്ടു. മിസ്രയീമിലെ രാജാവ്, അവരുടെ ജനസംഖ്യ കുറയ്ക്കുന്നതിനായി ശിശുഹത്യയ്ക്കു മുതിര്‍ന്നു. എന്നിരുന്നാലും, ദൈവം അവരെ നിലനിര്‍ത്തിയതിനാല്‍, 'അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു' (പുറപ്പാട് 1:12). മിസ്രയീമിലെ യിസ്രായേല്‍പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജനസംഖ്യ 2 ദശലക്ഷമോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിച്ചുവെന്ന് പല ബൈബിള്‍ പണ്ഡിതന്മാരും കണക്കാക്കുന്നു.
അന്ന് തന്റെ ജനത്തെ സംരക്ഷിച്ച ദൈവം ഇന്നും നമ്മെ താങ്ങുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. മറ്റൊരു ധാതുവില്‍ എങ്ങനെ നിലനില്‍ക്കുമെന്നതിനെക്കുറിച്ച് നാം വിഷമിച്ചേക്കാം. എന്നാല്‍ 'ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന'' ദൈവത്തിനു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നു ബൈബിള്‍ ഉറപ്പു നല്‍കുന്നു (മത്തായി 6:30).
തികവില്ലാത്ത പദ്ധതികള്‍
ഒരു പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ താഴത്തെ നിലയിലുള്ള ഒരു ലൈബ്രറി ഞാന്‍ പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, മുറിയെ കുലുക്കിക്കൊണ്ട് എന്തോ പൊട്ടിത്തകരുന്ന ശബ്ദം മുകളില്‍നിന്നു കേട്ടു. അല്പസമയത്തിനുശേഷം അതു വീണ്ടും സംഭവിച്ചു, പിന്നീട് വീണ്ടും. അസ്വസ്ഥനായ ലൈബ്രേറിയന്‍ ഒടുവില്‍ വിശദീകരിച്ചു: ഒരു ഭാരോദ്വഹനസ്ഥാപനം ലൈബ്രറിക്കു നേരെ മുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ഭാരം താഴേക്കിടുമ്പോഴെല്ലാം ഈ ശബ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്താണ് ഈ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും, ഇത്തരം ശബ്ദകോലാഹലങ്ങള്‍ ഉള്ളിടത്തുനിന്നകലെ വായനശാല ക്രമീകരിക്കുന്ന കാര്യം ആരോ മറന്നുപോയി!
ജീവിതത്തിലും നമ്മുടെ പദ്ധതികള്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രധാനപ്പെട്ട പരിഗണനകള്‍ നമ്മള്‍ അവഗണിക്കുന്നു. നമ്മുടെ പദ്ധതികള്‍ എല്ലായ്‌പ്പോഴും അപകടങ്ങള്‍ക്കോ ആശ്ചര്യങ്ങള്‍ക്കോ കാരണമാകണമെന്നില്ല. സാമ്പത്തികപരാജയങ്ങള്‍, സമയനഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ആസൂത്രണം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, ഏറ്റവും ആസൂത്രിതമായ തന്ത്രങ്ങള്‍ക്കുപോലും നമ്മുടെ ജീവിതത്തില്‍നിന്ന് എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല. നാം ജീവിക്കുന്നത് ഏദനുശേഷമുള്ള ഒരു ലോകത്താണ്.
ദൈവത്തിന്റെ സഹായത്തോടെ, ഭാവിയെ വിവേകപൂര്‍വ്വം പരിഗണിക്കുന്നതും (സദൃശവാക്യങ്ങള്‍ 6:6-8) പ്രതിസന്ധികളോടു പ്രതികരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ നമുക്കു കഴിയും. നമ്മുടെ ജീവിതത്തിലേക്ക് അവിടുന്ന് അനുവദിക്കുന്ന കഷ്ടതയ്ക്ക് പലപ്പോഴും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നമ്മില്‍ ക്ഷമ വളര്‍ത്തുന്നതിനോ നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ നമ്മെ അവിടുത്തോട് അടുപ്പിക്കുന്നതിനോ അവിടുന്ന് അതിനെ ഉപയോഗിച്ചേക്കാം. 'മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21) എന്നു ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യേശുവിനു സമര്‍പ്പിക്കുമ്പോള്‍, നമ്മിലും നമ്മിലൂടെയും അവിടുന്ന് എന്താണു പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുന്നു കാണിച്ചുതരും.
വളരെ വലിയ ഒന്ന്
ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ഒക്ടോബര്‍ ബുക്‌സ് എന്ന പുസ്തകശാലയിലെ സാധനങ്ങള്‍, തെരുവിന്റെ അപ്പുറത്തുള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനായി ഇരുനൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സഹായിച്ചു. സഹായികള്‍ ഫുട്പാത്തില്‍ നിരന്നു നിന്നുകൊണ്ട് ഒരു 'മനുഷ്യ കണ്‍വെയര്‍ ബെല്‍റ്റിലൂടെ'' പുസ്തകങ്ങള്‍ കൈമാറി. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ പറഞ്ഞു, 'ആളുകള്‍ [സഹായിക്കുന്നത്] കാണുന്നത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. . . . വലിയ ഒരു കാര്യത്തിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിച്ചു.''
നമ്മെക്കാള്‍ വലിയ ഒന്നിന്റെ ഭാഗമാകാന്‍ നമുക്കും കഴിയും. തന്റെ സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകത്തിലേക്കു പോകാന്‍ ദൈവം നമ്മെ ഉപയോഗിക്കുന്നു. ഒരാള്‍ നമ്മളോട് ആ സന്ദേശം പങ്കിട്ടതിനാല്‍, നമുക്കും മറ്റൊരാളിലേക്ക് അതു കൈമാറാന്‍ കഴിയും. പൗലൊസ് ഇതിനെ ഒരു തോട്ടം വളര്‍ത്തുന്നതിനോട് - ദൈവരാജ്യം പണിയുന്നതിനോട് - താരതമ്യപ്പെടുത്തി. നമ്മില്‍ ചിലര്‍ വിത്തുകള്‍ നടുന്നു, നമ്മില്‍ ചിലര്‍ വിത്തുകള്‍ നനയ്ക്കുന്നു. പൗലൊസ് പറഞ്ഞതുപോലെ നാം 'ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്'' (1 കൊരിന്ത്യര്‍ 3:9).
ഓരോ ജോലിയും പ്രധാനമാണ്, എങ്കിലും എല്ലാം ചെയ്യുന്നത് ദൈവാത്മാവിന്റെ ശക്തിയിലാണ്. ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതിനായി അവരുടെ സ്ഥാനത്തു മരിക്കുന്നതിനായി തന്റെ പുത്രനെ അയച്ചതായും (യോഹന്നാന്‍ 3:16) ആളുകള്‍ കേള്‍ക്കുമ്പോള്‍, അവര്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ ആത്മാവിനാല്‍ അവരെ പ്രാപ്തരാക്കുന്നു.
നിങ്ങളെയും എന്നെയും പോലുള്ള 'സന്നദ്ധപ്രവര്‍ത്തകരിലൂടെ''യാണു ദൈവം ഭൂമിയില്‍ തന്റെ വേലയില്‍ ഭൂരിഭാഗവും ചെയ്യുന്നത്. നാം ചെയ്യുന്ന ഏതൊരു സംഭാവനയെക്കാളും വളരെ വലുതായ ഒരു സമൂഹത്തിന്റെ ഭാഗമാണു നാമെങ്കിലും, ലോകവുമായി അവിടുത്തെ സ്‌നേഹം പങ്കിടുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ അതിനെ വളര്‍ത്താന്‍ നമുക്കു കഴിയും.
പുതിയ ഒന്ന്
ശുദ്ധജലം ഇല്ലാത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിന്, സീവാട്ടര്‍ ഗ്രീന്‍ഹൗസ് കമ്പനി ഒരു പുതിയ കാര്യം നിര്‍മ്മിച്ചു: ആഫ്രിക്കയിലെ സൊമാലിലാന്‍ഡിലും സമാന കാലാവസ്ഥയുള്ള മറ്റ് രാജ്യങ്ങളിലും 'കൂളിംഗ് ഹൗസുകള്‍' നിര്‍മ്മിച്ചു. കൂളിംഗ് ഹൗസുകള്‍ സോളാര്‍ പമ്പുകള്‍ ഉപയോഗിച്ച് കോറുഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡുകൊണ്ട് നിര്‍മ്മിച്ച ചുവരുകളിലൂടെ കടല്‍ ജലം ഇറ്റിറ്റു വീഴിക്കുന്നു. ഓരോ പാനലിലൂടെയും വെള്ളം താഴോട്ടുവീഴുമ്പോള്‍, അതിലെ ഉപ്പ് ബോര്‍ഡില്‍ തങ്ങിനില്‍ക്കുകയും ശുദ്ധജലം താഴേക്കു വീഴുകയും ചെയ്യുന്നു. അവശേഷിക്കുന്ന ശുദ്ധജലത്തിന്റെ ഭൂരിഭാഗവും കെട്ടിടത്തിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുകയും ഇത് പഴങ്ങളും പച്ചക്കറികളും തഴച്ചുവളരാന്‍ സഹായിക്കുന്ന ഈര്‍പ്പമുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു.
പുരാതന യിസ്രായേലിനായി 'നിര്‍ജ്ജനപ്രദേശത്തു നദികള്‍ ഉണ്ടാക്കും' എന്നു പറഞ്ഞുകൊണ്ട് ഒരു 'പുതിയ കാര്യം' ചെയ്യുമെന്ന് യെശയ്യാ പ്രവാചകന്‍ മുഖാന്തരം ദൈവം വാഗ്ദത്തം ചെയ്തു (യെശയ്യാവ് 43:19). മിസ്രയീമ്യ സൈന്യത്തില്‍ നിന്ന് തന്റെ ജനത്തെ രക്ഷിക്കാന്‍ അവിടുന്ന് ചെയ്ത പഴയ കാര്യത്തില്‍നിന്ന് ഈ പുതിയ കാര്യം വ്യത്യസ്തമാണ്. ചെങ്കടല്‍ സംഭവം ഓര്‍ക്കുന്നുണ്ടോ? തന്റെ ജനം ഭൂതകാലത്തെ ഓര്‍മ്മിക്കണമെന്നു ദൈവം ആഗ്രഹിച്ചു, എന്നാല്‍ അവരുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഇടപെടലിനെ അത് മറയ്ക്കരുത് (വാ. 18). അദ്ദേഹം പറഞ്ഞു, 'ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അത്
അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും' (വാ. 19).
ഭൂതകാലത്തിലേക്കു നോക്കുന്നത് ദൈവത്തിന്റെ കരുതലിലുള്ള നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍, ഭൂതകാലത്തില്‍ ജീവിക്കുന്നത് പരിശുദ്ധാത്മാവ് ഇന്നു ചെയ്യുന്ന പ്രവൃത്തികളുടെ നേരെ നമ്മുടെ കണ്ണ് കുരുടാക്കും. അവന്‍ ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് - സഹായിക്കുകയും പുനഃസൃഷ്ടി നടത്തുകയും തന്റെ ജനത്തെ നിലനിര്‍ത്തുകയും - കാണിച്ചുതരാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാം. സമീപത്തും വിദൂരത്തുമുള്ള മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവനോടൊപ്പം പങ്കാളിയാകാന്‍ ഈ അവബോധം നമ്മെ പ്രേരിപ്പിക്കട്ടെ.
കടലാസ് കിരീടങ്ങള്‍
എന്റെ വീട്ടിലെ ഒരു ജന്മദിന പാര്‍ട്ടിക്കു ശേഷം, എല്ലാവരും മിഠായി, മധുരപലഹാരങ്ങള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവ നിറച്ച മടക്ക സമ്മാനങ്ങള്‍ തുറന്നു. എന്നാല്‍ ഈ സമ്മാനങ്ങളില്‍ മറ്റൊന്നുകൂടി ഉണ്ടായിരുന്നു - ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ കടലാസ് കിരീടം. അവ പരീക്ഷിക്കുന്നത് ഞങ്ങള്‍ക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല, മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. ഒരു നിമിഷം, ഞങ്ങള്‍ രാജാക്കന്മാരും രാജ്ഞികളുമായിരുന്നു - ഞങ്ങളുടെ സാമ്രാജ്യം അത്താഴത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു ഡൈനിംഗ് റൂം ആയിരുന്നെങ്കിലും.
ഞാന്‍ പലപ്പോഴും ചിന്തിക്കാത്ത ഒരു ബൈബിള്‍ വാഗ്ദാനത്തിന്റെ ഓര്‍മ്മ ഇത് എന്നിലുണര്‍ത്തി. അടുത്ത ജീവിതത്തില്‍, എല്ലാ വിശ്വാസികളും യേശുവുമായി ഭരണം പങ്കിടും. 1 കൊരിന്ത്യര്‍ 6-ല്‍ പൗലൊസ് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു, 'വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ?'' (വാ. 2). ഭൂമിയിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഈ ഭാവി പദവിയെ പൗലൊസ് പരാമര്‍ശിച്ചത്. അവര്‍ പരസ്പരം കേസ് കൊടുക്കുകയും അവരുടെ സമൂഹത്തില്‍ മറ്റ് വിശ്വാസികളുടെ സല്‍പ്പേരിനു കളങ്കം വരുത്തുകയും ചെയ്തു.
പരിശുദ്ധാത്മാവ് നമ്മില്‍ ആത്മനിയന്ത്രണവും സൗമ്യതയും ക്ഷമയും ഉളവാക്കുന്നതിനാല്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ നാം കൂടുതല്‍ മെച്ചപ്പെടുവാനിടയാകും. യേശു ഭൂമിയിലേക്കു മടങ്ങിവരികയും നമ്മുടെ ജീവിതത്തില്‍ ആത്മാവിന്റെ വേല പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ (1 യോഹന്നാന്‍ 3:2-3), 'രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:10) എന്ന നമ്മുടെ ഭാവി ദൗത്യത്തിന് നാം ഒരുക്കപ്പെട്ടവരായിക്കഴിഞ്ഞിരിക്കും. സ്വര്‍ണ്ണകിരീടത്തിലെ വജ്രം പോലെ വേദപുസ്തകത്തില്‍ തിളങ്ങുന്ന ഈ വാഗ്ദാനത്തെ നമുക്കു മുറുകെ പിടിക്കാം.
പ്രഭാത മഞ്ഞ്
ഒരു ദിവസം രാവിലെ ഞാന്‍ എന്റെ വീടിനടുത്തുള്ള ഒരു കുളം സന്ദര്‍ശിച്ചു. കമഴ്ത്തിയിട്ട ഒരു വള്ളത്തില്‍ ഇരുന്ന്, സൗമ്യമായ ഒരു പടിഞ്ഞാറന്‍ കാറ്റ് വെള്ളത്തിന്റെ ഉപരിതലത്തിലുണ്ടായിരുന്ന മൂടല്‍മഞ്ഞിന്റെ ഒരു പാളിയെ ദൂരത്തേക്കു പറത്തുന്നത് വീക്ഷിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു. മൂടല്‍മഞ്ഞിന്റെ അടരുകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു ''ചുഴലിക്കാറ്റുകള്‍'' മുകളിലേക്കുയര്‍ന്ന് നേര്‍ത്തുവന്നു. താമസിയാതെ, സൂര്യപ്രകാശം മേഘങ്ങളെ തുളച്ചപ്പോള്‍ മഞ്ഞ് അപ്രത്യക്ഷമായി.
ഈ രംഗം എന്നെ ആശ്വസിപ്പിച്ചു, കാരണം ഞാന്‍ തൊട്ടുമുമ്പു വായിച്ച ഒരു വാക്യവുമായി ഞാന്‍ അതിനെ ബന്ധിപ്പിച്ചു: ''ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ (പ്രഭാത മഞ്ഞുപോലെ) നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (യെശയ്യാവ് 44:22). ദിവസങ്ങളോളം എന്നെ അലട്ടിയിരുന്ന പാപകരമായ ചിന്തകളുടെ ഒരു ശ്രേണിയില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചത്. ഞാന്‍ അവയെ ഏറ്റുപറയുന്നുണ്ടെങ്കിലും, അതേ പാപം ആവര്‍ത്തിക്കുമ്പോള്‍ ദൈവം എന്നോട് ക്ഷമിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
അന്ന് രാവിലെ, 'ഉവ്വ്' എന്നാണ് ഉത്തരം എന്നെനിക്കു മനസ്സിലായി. വിഗ്രഹാരാധനയുടെ തുടര്‍മാനമായ പ്രശ്‌നവുമായി യിസ്രായേല്യര്‍ മല്ലിടുമ്പോള്‍ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കൃപ കാണിച്ചു. വ്യാജദൈവങ്ങളെ പിന്തുടരുന്നത് നിര്‍ത്താന്‍ അവന്‍ അവരോട് പറഞ്ഞിട്ടുണ്ടെങ്കിലും, ദൈവം അവരെ തന്നിലേക്ക് മടങ്ങിവരാന്‍ ക്ഷണിക്കുകയും ചെയ്തു, ''ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; ... ഞാന്‍ നിന്നെ മറന്നുകളയുകയില്ല' (വാ. 21).
അത്തരത്തിലുള്ള പാപമോചനം എനിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവുന്നില്ല, എങ്കിലും നമ്മുടെ പാപത്തെ പൂര്‍ണ്ണമായും അലിയിച്ചുകളയുകയും അതില്‍ നിന്ന് നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം ദൈവകൃപയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവന്റെ കൃപ അവനെപ്പോലെതന്നേ അന്തമില്ലാത്തതും ദൈവികവുമാണെന്നും നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാണെന്നും ഉള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.
ഏതൊരാളും എല്ലാവരും
എല്‍ സാല്‍വഡോര്‍ എന്ന രാജ്യം അതിന്റെ തലസ്ഥാനനഗരത്തിന്റെ മധ്യത്തില്‍ യേശുവിന്റെ ശില്പം സ്ഥാപിച്ച് അവനെ ബഹുമാനിച്ചു. തിരക്കേറിയ ഒരു ട്രാഫിക് സര്‍ക്കിളിന് നടുവിലാണ് ഈ സ്മാരകം നില്‍ക്കുന്നതെങ്കിലും, അതിന്റെ ഉയരം നിമിത്തം എളുപ്പം കാണാന്‍ സാധിക്കുന്നു. കൂടാതെ അതിന്റെ പേര് - ലോകത്തിന്റെ ദിവ്യ രക്ഷകന്‍ - അവന്റെ അമാനുഷിക പദവിയോടുള്ള ബഹുമാനം വിളിച്ചറിയിക്കുന്നു.
യേശുവിനെക്കുറിച്ച് ബൈബിള്‍ പറയുന്ന കാര്യങ്ങളെ സ്മാരകത്തിന്റെ പേര് സ്ഥിരീകരിക്കുന്നു (1 യോഹന്നാന്‍ 4:14). എല്ലാവര്‍ക്കും രക്ഷ നല്‍കുന്നവനാണ് യേശു. യേശു സാംസ്‌കാരിക അതിര്‍വരമ്പുകള്‍ കടന്ന്, പ്രായം, വിദ്യാഭ്യാസം, വംശീയത, മുന്‍കാല പാപം, അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ ആത്മാര്‍ത്ഥമായി തന്നെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും സ്വീകരിക്കുന്നു.
യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് ജനങ്ങളോടു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് പുരാതന ലോകത്തില്‍ സഞ്ചരിച്ചു. രാഷ്ട്രീയ, മത നേതാക്കള്‍, സൈനികര്‍, യെഹൂദന്മാര്‍, വിജാതീയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുമായി അവന്‍ ഈ സന്തോഷവാര്‍ത്ത പങ്കിട്ടു. ''യേശു കര്‍ത്താവാണ്'' എന്ന് ഏറ്റുപറഞ്ഞും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുവെന്ന് വിശ്വസിച്ചും ഒരു വ്യക്തിക്ക് ക്രിസ്തുവുമായി ഒരു ബന്ധം ആരംഭിക്കാന്‍ കഴിയുമെന്ന് പൗലൊസ് വിശദീകരിച്ചു (റോമര്‍ 10:9). അദ്ദേഹം പറഞ്ഞു, ''അവനില്‍ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല. . . . കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും' (വാ. 11, 13).
യേശു ബഹുമാനിക്കപ്പെടേണ്ട അകന്നുനില്‍ക്കുന്ന ഒരു പ്രതിമയല്ല; വിശ്വാസത്തിലൂടെ നമുക്ക് അവനുമായി ഒരു വ്യക്തിബന്ധം ഉണ്ടായിരിക്കണം. അവിടുന്ന് നല്‍കുന്ന രക്ഷയുടെ മൂല്യം നാം കാണുകയും അവനുമായി ഒരു ആത്മീയ ബന്ധത്തിലേക്ക് മുന്നേറുകയും ചെയ്യാം.
അഗ്നിക്കുള്ളില്‍
സ്പെയിനിലുണ്ടായ ഒരു കാട്ടുതീ 50,000 ഏക്കറോളം വനഭൂമി കത്തിച്ചു ചാമ്പലാക്കി. എന്നിരുന്നാലും, ഈ നാശത്തിന്റെ മധ്യത്തില്‍, ആയിരത്തോളം പച്ചനിറത്തിലുള്ള സൈപ്രസ് മരങ്ങളുടെ ഒരു കൂട്ടം നാശമേല്‍ക്കാതെ നിലകൊണ്ടു. വെള്ളം ശേഖരിച്ചുനിര്‍ത്താനുള്ള ആ വൃക്ഷങ്ങളുടെ കഴിവ് അഗ്നിയെ സുരക്ഷിതമായി ചെറുത്തുനില്‍ക്കാന്‍ അവരെ സഹായിച്ചു.
ബാബിലോണില്‍ നെബൂഖദ്‌നേഖര്‍ രാജാവിന്റെ ഭരണകാലത്ത് സുഹൃത്തുക്കളുടെ ഒരു ചെറിയ സംഘം രാജാവിന്റെ ക്രോധാഗ്നിയെ അതിജീവിച്ചു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും നെബൂഖദ്‌നേസര്‍ നിര്‍മ്മിച്ച ഒരു പ്രതിമയെ ആരാധിക്കാന്‍ വിസമ്മതിച്ചുകൊണ്ടുപറഞ്ഞു 'ഞങ്ങള്‍ സേവിക്കുന്ന ദൈവം ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍നിന്നും വിടുവിക്കും' (ദാനീയേല്‍ 3:17). കോപിഷ്ഠനായ രാജാവ് ചൂളയുടെ ചൂട് സാധാരണയേക്കാള്‍ ഏഴിരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കല്‍പ്പിച്ചു (വാ. 19).
തീയുടെ ചൂട് അതികഠിനമായിരുന്നതിനാല്‍ രാജാവിന്റെ കല്‍പ്പനയനുസരിച്ച് മൂന്നു യുവാക്കളെ തീയിലേക്ക് എറിഞ്ഞ സൈനികരെ തീ ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതും അവര്‍ക്ക് ഒരു കേടും തട്ടിയിട്ടില്ലെന്നും ചുറ്റും നിന്നവര്‍ കണ്ടു. മറ്റൊരാള്‍ കൂടി ആ അഗ്നികുണ്ഡത്തില്‍ ഉണ്ടായിരുന്നു - നാലാമത്തവന്റെ രൂപം ഒരു 'ദൈവപുത്രനോട്' ഒത്തിരുന്നു (വാ. 25). പല പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് യേശുവിന്റെ ജഡധാരണത്തിനു മുമ്പുള്ള രൂപമായിരുന്നു എന്നാണ്.
ഭീഷണികളും പരിശോധനകളും നേരിടുമ്പോള്‍ യേശു നമ്മോടൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്‌പ്പെടാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്ന നിമിഷങ്ങളില്‍, നാം ഭയപ്പെടേണ്ടതില്ല. ദൈവം എങ്ങനെ അല്ലെങ്കില്‍ എപ്പോള്‍ നമ്മെ സഹായിക്കുമെന്ന് നമുക്ക് എല്ലായ്‌പ്പോഴും അറിയില്ലായിരിക്കാം, പക്ഷേ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് നമുക്കറിയാം. നാം സഹിക്കുന്ന ഓരോ ''അഗ്‌നി''യിലും അവനോട് വിശ്വസ്തത പുലര്‍ത്താന്‍ അവന്‍ നമുക്ക് ശക്തി നല്‍കും.
നിങ്ങള്‍ അവളെ വീണ്ടും കാണും
ഞാന്‍ ജാക്വിയുടെ കട്ടിലിനടുത്ത് ഒരു കസേര വലിച്ചിട്ടിരന്നു. മുറി മങ്ങിയതും നിശബ്ദവുമായിരുന്നു. ക്യാന്‍സറുമായി മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനുമുമ്പ്, എന്റെ സുഹൃത്ത് ഊര്‍ജ്ജസ്വലയായ ഒരു വ്യക്തിയായിരുന്നു. അവളുടെ ചിരി എനിക്ക് ഇപ്പോഴും സങ്കല്‍പ്പിക്കാന്‍ കഴിയും- ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള അവളുടെ മുഖം പുഞ്ചിരികൊണ്ടു പ്രകാശിക്കുമായിരുന്നു. ഇപ്പോള്‍ അവള്‍ ശാന്തയും നിശ്ചലയുമായിരുന്നു, ഞാന്‍ അവളെ ഒരു പ്രത്യേക പരിചരണ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയായിരുന്നു.
എന്തു പറയണമെന്ന് അറിയാതെ ഞാന്‍ കുറച്ച് തിരുവെഴുത്തുകള്‍ വായിക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ പേഴ്സില്‍ നിന്ന് ബൈബിള്‍ പുറത്തെടുത്ത് 1 കൊരിന്ത്യരിലേക്ക് തിരിഞ്ഞു ഒരു ഭാഗം വായിക്കാന്‍ തുടങ്ങി.
സന്ദര്‍ശനത്തിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഏകാന്തതയില്‍ അല്പ സമയം കണ്ണുനീരോടെ കാത്തിരുന്ന ശേഷം, എന്റെ കണ്ണുനീര്‍ തുടയ്ക്കുന്ന ഒരു ചിന്ത മനസ്സില്‍ വന്നു: നീ അവളെ വീണ്ടും കാണും. ദുഃഖനിമഗ്നയായ ഞാന്‍, മരണം വിശ്വാസികള്‍ക്ക് താല്‍ക്കാലികം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മറന്നിരുന്നു (1 കൊരിന്ത്യര്‍ 15:21-22). ഞങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായി ഞങ്ങള്‍ രണ്ടുപേരും യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നതിനാല്‍ ഞാന്‍ ജാക്വിയെ വീണ്ടും കാണുമെന്ന് എനിക്കറിയാം (വാ. 3-4). തന്റെ ക്രൂശീകരണത്തിനുശേഷം യേശു ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, വിശ്വാസികളെ തമ്മില്‍തമ്മിലും ദൈവത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള മരണത്തിന്റെ ആത്യന്തിക ശക്തി നഷ്ടപ്പെട്ടു. നാം മരിച്ചതിനുശേഷം, ദൈവത്തോടും നമ്മുടെ എല്ലാ ആത്മീയ സഹോദരങ്ങളോടും ഒപ്പം - എന്നേക്കും - സ്വര്‍ഗ്ഗത്തില്‍ വസിക്കും.
യേശു ഇന്ന് ജീവിച്ചിരിക്കുന്നതിനാല്‍, അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും സമയങ്ങളില്‍ പ്രത്യാശയുണ്ട്. ക്രൂശിന്റെ വിജയം മരണത്തെ വിഴുങ്ങിയിരിക്കുന്നു (വാ. 54).
ജോലിയില്‍ പ്രകടമാക്കുന്ന മനസ്സലിവ്
എന്റെ സുഹൃത്ത് അനിത ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തിനായി ശമ്പളം വിതരണം ചെയ്യുന്ന ജോലിക്കാരിയാണ്. ഇത് ഒരു നേരായ ജോലിയാണെന്ന് തോന്നുമെങ്കിലും, തൊഴിലുടമകള്‍ ആവശ്യമായതിലും വൈകിയാണ് പലപ്പോഴും വിവരങ്ങള്‍ സമര്‍പ്പിക്കാറുള്ളത്. ഇക്കാരണത്താല്‍, ജീവനക്കാര്‍ക്ക് അവരുടെ പണം കാലതാമസം കൂടാതെ ലഭിക്കുന്നതിനായി അനിത ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്നു. ജീവനക്കാര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങാനും ഭവന വായ്പ അടയ്ക്കാനും ഈ ശമ്പളത്തെ ആശ്രയിക്കുന്നതിനാല്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അവള്‍ ഇത് ചെയ്യുന്നത്.
അനിതയുടെ ജോലിയോടുള്ള അനുകമ്പാപൂര്‍വ്വമായ സമീപനം യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂമിയിലായിരുന്നപ്പോള്‍, തനിക്ക് അസൗകര്യമുണ്ടായിരുന്നപ്പോള്‍ പോലും അവന്‍ ചിലപ്പോള്‍ ആളുകളെ ശുശ്രൂഷിച്ചു. ഉദാഹരണത്തിന്, യോഹന്നാന്‍ സ്‌നാപകന്‍ കൊല്ലപ്പെട്ടുവെന്ന് കേട്ടതിനുശേഷം ക്രിസ്തുവിന് കുറച്ചുസമയം തനിച്ചിരിക്കണമായിരുന്നു. അതിനാല്‍ അവന്‍ ഒരു പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തേക്കു പോയി (മത്തായി 14:13). ഒരുപക്ഷേ, അവനു തന്റെ ബന്ധുവിന്റെ മരണത്തില്‍ ദുഃഖിക്കുകയും തന്റെ സങ്കടത്തില്‍ പ്രാര്‍ത്ഥിക്കുകയും വേണമായിരുന്നു.
അവിടെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. പുരുഷാരം അവന്റെ പിന്നാലെ എത്തി. ഈ ജനത്തിന് വിവിധ ശാരീരിക ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആളുകളെ പറഞ്ഞയക്കുന്നത് വളരെ എളുപ്പമായിരുന്നു, എന്നാല്‍ ''യേശു വന്നു വലിയ പുരുഷാരത്തെ കണ്ട് അവരില്‍ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.'' (വാ. 14).
താന്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ആളുകളെ പഠിപ്പിക്കുന്നതും അവരുടെ രോഗങ്ങള്‍ ഭേദമാക്കുന്നതും യേശുവിന്റെ ആഹ്വാനത്തിന്റെ ഭാഗമായിരുന്നെങ്കിലും, അവന്റെ മനസ്സലിവ് തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന രീതിയെ ബാധിച്ചു. നമ്മുടെ ജീവിതത്തില്‍ അവിടുത്തെ മനസ്സലിവ് തിരിച്ചറിയാന്‍ ദൈവം നമ്മെ സഹായിക്കുകയും അത് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശക്തി നല്‍കുകയും ചെയ്യട്ടെ.